Monday, October 04, 2010

ദശാവതാരം

ധ്യാനങ്ങള്‍
മത്സ്യമൂര്‍ത്തി
നാഭ്യധോ രോഹിതസമഃ
ആകണ്ഠം ച നരാകൃതിഃ
ഘനശ്യാമോളവതാത്‌ പദ്മ-
ശംഖചക്രഗദാധരഃ

സാരം: നാഭിയിങ്കല്‍ നിന്ന്‌ ചുവട്ടിലേക്ക്‌ രോഹിത മത്സ്യത്തിന്റെ ആകൃതിയായും കഴുത്തുവരെ മനുഷ്യാകൃതിയായും മേഘം പോലെ ശ്യാമളവര്‍ണനായും ശംഖം, ചക്രം, ഗദ, പദ്മം എന്നിവ ധരിച്ച നാലു കൈകളോടുകൂടിയവനായും ഇരിക്കുന്ന മത്സ്യമൂര്‍ത്തി രക്ഷിക്കട്ടെ.

കൂര്‍മ്മമൂര്‍ത്തി
പീതാംബരധരം കൂര്‍മപൃഷ്ഠം ലാംഗുലശോഭിതം
ദീര്‍ഘഗ്രീവം മഹാവിഷ്ണും വന്ദേളഹം രക്തലോചനം
സാരം: മഞ്ഞപ്പട്ട്‌ ഉടുത്തവനും ആമയെപ്പോലുള്ള പൃഷ്ഠഭാഗത്തോടുകൂടിയവനും വാലുകൊണ്ട്‌ ശോഭിക്കുന്നവനും നീണ്ട കഴുത്തുള്ളവനും ചുവന്ന നിറമായ കണ്ണുകളോടുകൂടിയവനുമായ മഹാവിഷ്ണുവിനെ വന്ദിക്കുന്നു.

വരാഹമൂര്‍ത്തി
ജാന്വോരാപാദമുദ്യത്കനകമിവ, ഹിമ-
പ്രഖ്യമാജാനുനാഭേഃ
കണ്ഠാദാനാഭിവഹ്നിപ്രഭമഥ ശിരസ
ശ്ചാഗളാന്നീലവര്‍ണം;
മെനല്‍ വ്യോമാഭ്രവര്‍ണം കരലസദരിശം-
ഖാസിഖേടം ഗദാഖ്യം
ശക്തീഷ്ടാഭീതിയുക്തം പ്രണമത വസുധോ-
ല്ലാസിദംഷ്ട്രം വരാഹം.

സാരം: കാലടി മുതല്‍ മുട്ടുവരെ തങ്കനിറവും കാല്‍മുട്ടുമുതല്‍ അരക്കെട്ടുവരെ മഞ്ഞിന്‍കട്ടി പോലെ വെളുപ്പും അവിടം മുതല്‍ കഴുത്തുവരെ തീക്കനല്‍ പോലെയും, കഴുത്തുമുതല്‍ ശിരസ്സുവരെ നീലനിറവും, ശിരസ്സ്‌ കടുംനീല (കറുപ്പ്‌) നിറവുമായി ചക്രവും ശംഖും വാളും ഖേടവും ഗദയും ശക്തിയും വരദവും അഭയവും ധരിച്ച എട്ടുകൈകളോടുകൂടി, ദംഷ്ട്രകളില്‍ ഭൂഗോളത്തെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന വരാഹമൂര്‍ത്തിയെ നമസ്കരിച്ചാലും.

നരസിംഹം
അവ്യാന്നിര്‍വ്യാജര്‍ഭ്രാകൃതിരതിവിവൃതാ-
സ്യോല്ലസത്തീക്ഷ്ണദംഷ്ട്ര-
ശ്ചക്രം ശംഖം ച പാശാങ്കുശകുലിശഗദാ
ഹസ്തപദ്മൈര്‍ദ്ദധാനഃ
രക്താകാരശ്ച നാഭേരുപരി പരസിതോ
ദിവ്യഭൂഷാവിശേഷോ
ദേവോളര്‍ക്കഗ്നീന്ദുനേത്രോ നിഖിലസുഖകരോ
നാരസിംഹശ്ചിരം വഃ
സാരം: കലര്‍പ്പില്ലാത്ത രൗദ്രാകൃതിയായും നന്നായി പിളര്‍ന്ന വായില്‍ പ്രകാശമാനമായ മൂര്‍ച്ചയുള്ള ദംഷ്ട്രകളോടുകൂടിയവനും ചക്രം, ശംഖം, പാശം, അങ്കുശം, വജ്രായുധം, ഗദ എന്നീ ആയുധങ്ങളെ കൈകളില്‍ ധരിച്ചവനും നാഭിയിങ്കല്‍ നിന്ന്‌ മേല്‍ഭാഗം രക്തവര്‍ണത്തോടും കീഴ്ഭാഗം വെളുത്ത വര്‍ണത്തോടും കൂടിയവനും ദിവ്യങ്ങളായ ആഭരണങ്ങളെ അണിഞ്ഞവനും സൂര്യനും ചന്ദ്രനും അഗ്നിയുമാകുന്ന മൂന്നുകണ്ണുകളോടുകൂടിയവനും സര്‍വസുഖങ്ങളേയും പ്രദാനം ചെയ്യുന്നവനും ആയ നരസിംഹമൂര്‍ത്തി നിങ്ങളെ എല്ലായ്പ്പോഴും രക്ഷിക്കേണമേ.