ലോകകമ്യൂണിസത്തിന്റെ ഭൂപടത്തില്‍നിന്ന് ഒടുവില്‍ ക്യൂബയും മായുന്നു.
കമ്യൂണിസ്റ്റുകാര്‍ക്ക് പ്രതീക്ഷയായിരുന്ന ക്യൂബയും കമ്യൂണിസത്തെ
പുച്ഛിച്ച് പറയാന്‍ തയ്യാറായിരിക്കുന്നു. അരനൂറ്റാണ്ടുമുമ്പ്
വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന ഫിദല്‍ കാസ്ട്രോ അമേരിക്കയിലെ ഒരു
മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ അഭിപ്രായം വെട്ടിത്തുറന്ന്
പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അഭിമാനത്തോടെ അധികാരത്തിലേറിയതിന്റെ
അമ്പതാം വര്‍ഷം വിപുലമായി രാജ്യത്ത് ആഘോഷിച്ചത്. എന്നാല്‍ അതിന്റെ ആരവം
അടങ്ങുന്നതിനുമുമ്പുതന്നെ കമ്മ്യൂണിസ്റ്റുകളെ ഞെട്ടിപ്പിക്കുന്ന
യാഥാര്‍ത്ഥ്യം അദ്ദേഹം പുറത്ത് വിട്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഒരു
കുറ്റസമ്മതം തന്നെയാണ്. കമ്മ്യൂണിസത്തിന്റെ പേരിലുള്ള ഒരു ഏകാധിപത്യമാണ്
അവിടെ നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാലാണല്ലോ അസുഖബാധിതനായി
കാസ്ട്രോ 2006-ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ അനുജന്‍ റൗള്‍ കാസ്ട്രോയെ
ഭരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിച്ചത്. അന്നുതന്നെ അതിന് എതിര്‍പ്പ്
ഉയര്‍ന്നെങ്കിലും ശക്തമായി തുടരാന്‍ കഴിഞ്ഞില്ല. റൗളിന്റെ ഭരണമാണ്
രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഒരു വിഭാഗം ജനത
അഭിപ്രായപ്പെടുമ്പോള്‍ അമേരിക്കയുടെ ഉപരോധമാണ് കാരണമെന്ന് മറ്റുചിലര്‍
ചൂണ്ടിക്കാട്ടുന്നു. കാരണം എന്തുതന്നെയായാലും ക്യൂബ
തകര്‍ന്നടിയുകയാണെന്നതാണ് സത്യം. അതിന്റെ മുഴുവന്‍ ചിത്രം
വരാനിരിക്കുന്നതേയുള്ളൂ.
കാസ്ട്രോയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയുണ്ടായ പ്രസ്താവനയാണ്
ലോകത്തെ നടുക്കിയത്. അതായത് അടുത്തവര്‍ഷം മാര്‍ച്ചിനകം സര്‍ക്കാര്‍
സര്‍വീസില്‍നിന്ന് പത്തുലക്ഷം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്. ആരെയും
അമ്പരപ്പിക്കുന്നതാണീ പ്രസ്താവന. ക്യൂബയെന്നത് വളരെ ചെറിയ രാജ്യമാണ്.
ഇതിനകം അഞ്ചുലക്ഷംപേരെ പിരിച്ചുവിട്ടുകഴിഞ്ഞു. പണി നഷ്ടപ്പെടുന്നവര്‍
സ്വകാര്യ മേഖലയെയോ സഹകരണ മേഖലയെയോ ആശ്രയിക്കുകയോ അല്ലെങ്കില്‍ സ്വയം
തൊഴില്‍ കണ്ടെത്തുകയോ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചുകഴിഞ്ഞു.
അതിനുള്ള ലൈസന്‍സും ഉദാരമാക്കിയിട്ടുണ്ട്.
പിരിച്ചുവിടപ്പെടുന്ന
തൊഴിലാളികള്‍ക്ക് മൂന്നുമാസം ശമ്പളത്തിന്റെ ഇരുപത് ശതമാനം നല്‍കും,
തൊഴിലില്ലായ്മാവേതനമെന്ന പേരില്‍. അതിനകം അവര്‍ ജോലി കണ്ടെത്തിയിരിക്കണം.
ക്യൂബയിലെ അമ്പത്തിയൊന്ന് ലക്ഷം ജീവനക്കാരില്‍ 85 ശതമാനവും
പൊതുമേഖലയിലാണ് പണിയെടുക്കുന്നത്.
അവരാണിപ്പോള്‍ പിരിച്ചുവിടല്‍
ഭീഷണി നേരിടുന്നത്. കാര്‍ഷിക രംഗത്തും സ്വയംതൊഴില്‍ മേഖലയിലും വളരെ
കുറച്ചുശതമാനം പേരേ പണിയെടുക്കുന്നുള്ളൂ. മാത്രമല്ല, ജീവനക്കാര്‍ക്കാകട്ടെ
കുറഞ്ഞ വേതനം മാത്രമേ അവിടെ നല്‍കുന്നുള്ളൂ. അതിന് കാരണം വിദ്യാഭ്യാസ
ആരോഗ്യമേഖലയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവര്‍ക്കും കാര്യമായ
സഹായം നല്‍കുന്നുണ്ട്. മാത്രമല്ല, സൗജന്യ റേഷനും അനുവദിച്ചിട്ടുണ്ട്.
ഇതാണിപ്പോള്‍ അവസാനിക്കാന്‍ പോകുന്നത്.
അരനൂറ്റാണ്ടുമുമ്പ് ആരവങ്ങളോടെ അധികാരത്തില്‍ വന്ന കാസ്ട്രോയുടെ
ഭരണകൂടത്തിന്റെ പരിപൂര്‍ണ തകര്‍ച്ചയാണിത് കാണിക്കുന്നത്. അമേരിക്കയുടെ കടുത്ത ഭീഷണിയെ അതിജീവിച്ചുകൊണ്ട്
ഒരു മെച്ചപ്പെട്ട ജീവിതവ്യവസ്ഥ രാജ്യത്ത് കൊണ്ടുവരാന്‍ കഴിഞ്ഞെന്ന്
വീമ്പിളക്കിയവരാണിവര്‍. അവരാണിപ്പോള്‍ ജീവനക്കാരെ കൂട്ടത്തോടെ
പിരിച്ചുവിടുന്നത്.
കാസ്ട്രോ നടപ്പാക്കിയത് സോവിയറ്റ് യൂണിയന്റെ മാതൃകയാണെങ്കില്‍ അനുജന്‍
കൊണ്ടുവന്നത് ചൈനീസ് മാതൃകയാണ്. ഇതുരണ്ടും പൊരുത്തപ്പെടുന്നില്ലെന്നത്
വേറെ കാര്യം. കാസ്ട്രോ വളരെ സമര്‍ത്ഥമായി രാജ്യത്തെ
മുന്നോട്ടുകൊണ്ടുപോയെങ്കില്‍ റൗളിന് അതിന് കഴിഞ്ഞില്ലെന്നതാണ് മറ്റൊരു
വശം.
സമ്പദ്‌വ്യവസ്ഥയിലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം
കുറച്ചുകൊണ്ടുവരാന്‍ റൗള്‍ നടപടികളെടുത്തുകഴിഞ്ഞു. ജീവനക്കാരുടെ എണ്ണം വളരെ
കൂടുതലാണെന്ന് പറഞ്ഞ് പിരിച്ചുവിട്ടതിന് പുറമെ സര്‍ക്കാറിന്റെ
ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ടാക്സികള്‍
എന്നിവ കൈകാര്യം ചെയ്തിരുന്നവര്‍ക്കുതന്നെ വിട്ടുകൊടുത്തിരിക്കുകയാണ്.
രാജ്യത്തെ ഇരുപത് ശതമാനത്തോളം പേര്‍ ജോലിയൊന്നുമെടുക്കാതെ വേതനം
പറ്റുകയാണെന്നാണ് കാസ്ട്രോ പറയുന്നത്. ഇത് രാജ്യത്തിന്
നാണക്കേടുണ്ടാക്കിയെന്ന് അരനൂറ്റാണ്ടിന് ശേഷം അദ്ദേഹം
സമ്മതിച്ചിരിക്കുകയാണ്. അതിനാല്‍ ഈ നാണക്കേട് മാറുന്നതിന് എല്ലാവരും
സ്വയംതൊഴില്‍ ചെയ്യാന്‍ സന്നദ്ധനാകണമെന്നാണ് ഇപ്പോള്‍ പറയുന്നത്.
അമ്പതാണ്ടുകള്‍ക്ക് ശേഷമാണോ കാസ്ട്രോവിന് ഈ ബോധോദയം ഉണ്ടായത്. ഇതിന്
ഒരു പരിധിവരെ കാരണവും അദ്ദേഹം തന്നെയല്ലേ? രാജ്യത്ത് ഉല്‍പാദനക്ഷമതയ്ക്ക്
പ്രാധാന്യം നല്‍കാന്‍ തയ്യാറായില്ലെന്നതാണ് മുഖ്യതെറ്റ്. അതാണിപ്പോള്‍ ഈ
ഏറ്റുപറച്ചിലിന്റെ സാരം.
ക്യൂബക്ക് സോവിയറ്റ് യൂണിയനില്‍നിന്ന് കാര്യമായ സാമ്പത്തികസഹായം
ഉണ്ടായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അതിനെ സാരമായി
ബാധിച്ചു. അതിനുശേഷം വെനിസ്വലയില്‍നിന്ന് സഹായം ലഭിച്ചിരുന്നു. അതും
ഏതാണ്ടിപ്പോള്‍ അസ്തമിച്ചമട്ടാണ്. ഈ സഹായം ഇല്ലാതായതും അമേരിക്കയുടെ
ഉപരോധവും രാജ്യത്തിന്റെ ഉല്‍പാദനക്ഷമതക്ക് പ്രാധാന്യമില്ലാത്തതിന്റെ
തകര്‍ച്ചയും ക്യൂബയെ അധഃപതനത്തിന്റെ കൂപ്പുകുത്തലിലേക്ക് ആക്കം കൂട്ടി.
ക്യൂബയിലുണ്ടായിരുന്ന പ്രധാന വ്യവസായം കരിമ്പാണ്. എന്നാല്‍ തുടര്‍ച്ചയായി
മൂന്നു ചുഴലി കൊടുങ്കാറ്റുണ്ടായത് കരിമ്പുകൃഷിയെ സാരമായി ബാധിച്ചു.
ഏതാണ്ട് കരിമ്പ് പൂര്‍ണ്ണമായും ഇല്ലാതായ മട്ടിലാണ്. രാജ്യത്തിന്
പിടിച്ചുനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലെത്തി. അതായത് ക്യൂബയുടെ
സാമ്പത്തിക തകര്‍ച്ചയെ തടുക്കാന്‍ ഒരുതരത്തിലുള്ള സഹായംകൊണ്ടും
കഴിഞ്ഞില്ലെന്നര്‍ത്ഥം. എല്ലാറ്റിനും സര്‍ക്കാരിനെ മാത്രം ആശ്രയിച്ച്
മുന്നോട്ടു പോകുകയെന്ന ആശയത്തിന് സംഭവിച്ച തകര്‍ച്ച ജനങ്ങളെ പൂര്‍ണ്ണമായി
ബാധിച്ചു. കാരണം സാമ്പത്തിക തകര്‍ച്ചയുണ്ടാകുമ്പോള്‍ അതെല്ലാറ്റിനെയും
ബാധിക്കുമല്ലോ.
ജനങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത്
സാമ്പത്തികാഭിവൃദ്ധി നേടാനുള്ള മനസ്സുപോലും സര്‍ക്കാര്‍ ഇല്ലാതാക്കി.
എല്ലാറ്റിനുംശേഷം ഒരു ഏറ്റുപറച്ചില്‍ നടത്തിയാല്‍ രാജ്യത്തിരക്ഷപ്പെടാന്‍ കഴിയുമോ? ക്യൂബ തുടര്‍ന്നുവരുന്ന സാമ്പത്തിക നയത്തിന്റെ
തകര്‍ച്ചയാണല്ലോ ഇതിന് കാരണം. സ്വന്തമായൊരു കാഴ്ചപ്പാട് അവിടുത്തെ
ഭരണാധികാരികള്‍ക്ക് ഉണ്ടായില്ല. മറ്റ് രാജ്യങ്ങളെ മാതൃകയാക്കുമ്പോള്‍
സംഭവിക്കുന്ന അപകടങ്ങളാണിവ. ഇതില്‍നിന്നും പലതും പഠിക്കാനുണ്ട്.
കമ്യൂണിസത്തിന്റെ പേരിലുള്ള ഒരു സ്വേച്ഛാധിപത്യഭരണമാണല്ലോ അവിടെ
നടന്നുവരുന്നത്.
റഷ്യക്ക് ഏഴു പതിറ്റാണ്ടുകൊണ്ട് തകര്‍ച്ച സംഭവിച്ചെങ്കില്‍ ക്യൂബക്ക്
അരനൂറ്റാണ്ടുപോലും വേണ്ടിവന്നില്ല. തുടക്കത്തില്‍ എല്ലാ രംഗത്തും
വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞെങ്കില്‍ രാജ്യത്തിന്റെ തകര്‍ച്ച കാസ്ട്രോക്ക്
സ്വന്തം ജീവിതത്തില്‍തന്നെ കാണാന്‍ കഴിഞ്ഞു.
ഇനി ക്യൂബക്കുള്ള രക്ഷാമാര്‍ഗ്ഗം എന്താണെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
കാസ്ട്രോ കൊണ്ടുവന്ന മാതൃകാഭരണകൂടം തകര്‍ന്ന് തരിപ്പണമായിക്കഴിഞ്ഞു.
ഇതുമായി ഇനി ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിയില്ല. സോഷ്യലിസം
കൊട്ടിഘോഷിച്ചുവന്നെങ്കിലും രാജ്യത്തെ ജനങ്ങളെ പിച്ചപ്പാളയെടുപ്പിക്കുന്ന
അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിച്ചു.
കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ക്യൂബക്ക് രക്ഷയില്ല.
സാമ്പത്തിക രംഗത്തും സമഗ്രമാറ്റം ഉണ്ടായേ പറ്റൂ. അതിന് മറ്റ് രാജ്യങ്ങളെ
മാതൃകയാക്കാതെ സ്വയം ഒരു മാര്‍ഗ്ഗം കണ്ടെത്തുകയാണ് വേണ്ടത്.
മുതലാളിത്തത്തിലേക്കോ ജനാധിപത്യത്തിലേക്കോ രാജ്യത്തിനു പോയേ പറ്റൂ.
ക്യൂബയില്‍ ആരംഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. അതിന്
ഭാരതത്തിന്റെ മാതൃക സ്വീകരിക്കുകയാണെങ്കില്‍ തെറ്റില്ല.
No comments:
Post a Comment